Saturday, October 1, 2011

കല്പ വൃക്ഷം


തെങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുമ്പോൾ എന്റെ നാട്ടിൽ നടന്ന ഒരു സംഭവമാണ്  ഓർമ്മ വരുന്നത്.  ഞങ്ങളുടെ നാട്ടിൽ ഒരു കണാരേട്ടനുണ്ട്.തെങ്ങ് കയറ്റത്തൊഴിലാളിയാണ്.  രാവിലെ 7മണിക്ക് തെങ്ങ് കയറാൻ പോകും. ഉച്ചയോടെ ജോലി കഴിയും.   ഇപ്പോൾ കണാരേട്ടന് നല്ല വരുമാനമാണ്.  പണികഴിഞ്ഞ് നേരെ പോകുന്നത് അടുത്തുള്ള കള്ള്ഷാപ്പിലേക്കാണ്.   ഒന്ന് രണ്ട് കുപ്പി കള്ള് അകത്താക്കും. പിന്നെ നേരെ വീട്ടിലേക്ക്.   ഒരു ദിവസം പതിവ്പോലെ വീട്ടിലെത്തിയ കണാരേട്ടൻ ഒരു ഓലചീന്ത് എടുത്തിട്ട് തന്റെ ഓലപ്പുരയുടെ കോലായിൽ കിടന്നു.  മുകളിലോട്ട് നോക്കി കിടക്കുന്ന കണാരേട്ടൻ എന്തോ ഒരു പുതിയ ബോധോദയം ഉണ്ടായതു പോലെ ആത്മഗതം പറയുകയാണ് “എല്ലാം ഒന്നുതന്നെ” എന്ന്.  ആദ്യമൊന്നും ഭാര്യ ഇതു ശ്രദ്ധിച്ചില്ല.   പിന്നീട് ഇത് പലപ്രാവശ്യം ആവർത്തിച്ചപ്പോൾ ഭാര്യ ചോദിച്ചു “ എന്ത്ന്നാ മനിച്ചനേ ങ്ങളിപ്പറേന്നേ?  കള്ളു തലയ്ക്ക് പിടിച്ചോ?  എടീ പതിനാല് വയസ്സിൽ കള്ള് കുടിക്കാൻ തുടങ്ങിയതാ.  എനക്കിതു തലക്കൊന്നും പിടിക്ക്വേല്ല. ഇത്രകാലായിട്ടും മനസ്സിലാകാത്ത ഒരു സത്യം ഞാൻ കണ്ടെത്തി.  എന്താന്നറിയ്യോ? നമ്മളെങ്ങന്യാ അരി വാങ്ങുന്നേ?  ഞാൻ തെങ്ങുമ്മ കയറിക്കിട്ടുന്ന തേങ്ങ വിറ്റിട്ടല്ലേ? കൂട്ടാൻ വെക്കുന്നതോ?  തേങ്ങ അരച്ചിട്ട്.  ഞാനീ കിടന്നതോ?  അതും തെങ്ങോല. മോളില് നോക്ക്.  എന്താ ആ കാണുന്നേ ?  തെങ്ങിൻ കഴുക്കോല്.  തെങ്ങിൻ മട്ടല് പൊളിച്ചെടുത്ത പാന്തം,  തേങ്ങാചകിരി കൊണ്ടുണ്ടാക്കിയ ചൂടി,  പുര മേഞ്ഞിരിക്കുന്നത് തെങ്ങോല.  പിന്നെ എന്റെ വയറ്റിൽ കിടന്ന് എനിക്കി വിവരം ഉണ്ടാക്കി തന്നതോ? അതും നല്ല തെങ്ങിൻ കള്ള്. ഇതും പറഞ്ഞ് കണാരേട്ടൻ ചിരിച്ച് കൊണ്ട് വീണ്ടും പറഞ്ഞു” എല്ലാം ഒന്നുതന്നെ”.  തെങ്ങ് നമ്മുടെ ജീവിതത്തിൽ എത്രത്തോളം ഒട്ടിചേർന്നിരിക്കുന്നു എന്ന് ഈ സംഭവത്തിൽ നിന്നും മനസ്സിലാക്കാം. ഇതൊക്കെ കൂടാതെ ഇന്നു പുതിയ പല ആവശ്യങ്ങൾക്കും തെങ്ങുൽ‌പ്പന്നങ്ങൾ ഉപയോഗിക്കുന്നു.സോപ്പ് നിർമ്മാണം മുതൽ ഇന്ന് പെട്രോൾ വാഹനങ്ങളിൽ ഓയിലിന് പകരം വരെ വെളിച്ചെണ്ണ ഉപയോഗിക്കുന്നു.

ഇങ്ങനെയൊക്കെ ആണെങ്ക്ങ്കിലും തെങ്ങ്കൃഷി ഇന്ന് ഒരു പാട് പ്രശ്നങ്ങളെ നേരിടുന്നുണ്ട്.   കാർഷികരംഗത്തും വിപണനത്തിലും സംസ്ക്കരണത്തിലും ഒരുപാട് നവീകരണം ആവശ്യമുണ്ട്.  ഫിലിപ്പൈൻസിലൊക്കെ തേങ്ങകൊണ്ട് ക്രീമും ശീതളപാനിയവും ചോക്ലേറ്റ് തുടങ്ങിയ നിരവധി വിഭവങ്ങൾ നിർമ്മിച്ച് ഒരുപാട് ലാഭമുണ്ടാക്കുന്നെന്ന് കേൾക്കുന്നു.   ആ വഴിക്കൊക്കെ നമുക്കും ശ്രമങ്ങൾ ആവാം.

ഒരു മരത്തിന്റെ പേർ നാടിന്റെ പേരായി തീർന്ന നാടാണ് കേരളം. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കേരവൃക്ഷത്തെ നമുക്ക് രക്ഷിക്കേണ്ടിയിരിക്കുന്നു. കാരണം തെങ്ങില്ലാതെ നമ്മളില്ല.  നാളീകേരത്തിന്റെ നാട്ടിൽ നാഴിയിടങ്ങഴി മണ്ണുണ്ടെന്ന് ഊറ്റം കൊണ്ട നമുക്ക് ഇത് അഭിമാനത്തിന്റെ പ്രശ്നമാണ്. നമ്മുടെ പ്രയത്നങ്ങൾ ഇനി ഈ വഴിക്കവട്ടെ. ജയ് കേരം ജയ് കേരളം

3 comments:

  1. ചക്കില്‍ തുടങ്ങി ,കൊക്കില്‍ അവസാനിച്ചു. ആശംസകള്‍.

    ReplyDelete
  2. എഴുത്ത്‌ നന്നായിട്ടുണ്ട്. കൂടുതല്‍ എഴുതുക... ആശംസകളോടെ....

    ReplyDelete
  3. എല്ലാത്തിനുമൊടുവില്‍ മലയാളി മരിച്ച് മണ്ണിനടിയിലാവുമ്പോള്‍,
    ആ മണ്‍ കൂനയുടെ മുകളില്‍ നീളത്തിലുണ്ടാവും ഒരു തെങ്ങോല..!
    അവിടെ വരെ നാം ആശ്രയിക്കുന്നു ആ കല്പവ്യക്ഷത്തെ...!
    മറ്റാരുമല്ല നമ്മള്‍തന്നെയാണ് തെങ്ങിനെ അവഗണിക്കുന്നത്...!!

    എഴുത്ത് നന്നായിട്ടുണ്ട്.
    ഇനിയും നന്നാവട്ടെ..
    ഒത്തിരിയാശംസകളോടെ....പുലരി

    ReplyDelete